Tuesday, 19 September 2017

ആംബുലൻസിലെ 'വിനോദയാത്ര'

"ഉസ്താദേ നാളെ ബസ്‌ സമരമാണ്‌"

"അതോണ്ട്‌..?"

"അതോണ്ട്‌ 60 കിലോമീറ്റർ ഇപ്പുറം പരപ്പനങ്ങാടിയിൽ നിന്ന് വരാൻ ഇൻക്ക്‌ ബുദ്ധിമുട്ടാണ്‌."

"അയ്ന്‌..??"

"ഒരൂസം കൂടി ലീവ്‌ കിട്ട്വോ..??"

"നാളെ ലീവ്‌ തീരുന്നുണ്ടെങ്കിൽ ഇജ്ജ്‌ കോളേജിൽ എത്തിയിരിക്കണം. അതിനി ഫ്ലൈറ്റ്‌ പിടിച്ചാട്ടായാലും വേണ്ടില്ല"

കിട്ടിയാൽ ഊട്ടി ഇല്ലേൽ... എന്ന മട്ടിലാണ്‌ വിളിച്ചതു തന്നെ. ലീവ്‌ കിട്ടിയില്ല. ഇനിയേതായാലും കോളേജിലെത്തണം.

പാണ്ടി ലോറിക്ക്‌ കൈകാണിച്ച്‌ ദൂരേക്കൊക്കെ ഓസിയടിച്ച്‌ നല്ലവണ്ണം പരിചയമുള്ളതോണ്ട്‌ അധികം പരിഭവമൊന്നും തോന്നിയില്ല. എങ്ങനെയെങ്കിലും എത്താം.

അപ്പോഴാണു വല്ലിമ്മാനെ പെരിന്തൽമണ്ണ ഇ.എം.എസ്‌ ഹോസ്പിറ്റലിലേക്ക്‌ ചെക്കപ്പിനായി നാളെ കൊണ്ടു പോവുന്നുണ്ടെന്ന് ഉമ്മ പറഞ്ഞത്‌ ഓർമ്മ വന്നത്‌.

പിന്നെയൊന്നും നോക്കിയില്ല. ചാടിക്കേറി ആംബുലൻസിൽ കയറിയിരുന്നു. വണ്ടി കസിൻ ബ്രോന്റത്‌ ആയതോണ്ട്‌ യാത്ര ലൗലി ആയിരിക്കുമെന്നതിൽ സംശയമൊന്നുമില്ല. അൽപം ഓറഞ്ചൊക്കെ വാങ്ങി ലാവിഷായാണ്‌ ഹോസ്പിറ്റലിലേക്ക്‌ പോയത്‌.

കരഞ്ഞു കലങ്ങിയ കണ്ണുകൾ മാത്രം കണ്ടു പരിചയമുള്ള ആ വണ്ടിയുടെ അകത്തളങ്ങൾക്ക്‌ ചിരിച്ചുകൊണ്ടുള്ള യാത്ര ആദ്യാനുഭവമായിരിക്കണം.

ചെക്കപ്പൊക്കെ കഴിഞ്ഞ്‌ ആംബുലൻസ്‌ നേരെ കോളേജിലേക്ക്‌ വെച്ചു പിടിപ്പിച്ചു.

ജംഗ്ഷനിൽ നിന്നും കോളേജ്‌ റോഡിലേക്ക്‌ തിരിഞ്ഞപ്പോൾ തന്നെ ആളുകൾ ഭീതിയോടെ നോക്കുന്നുണ്ട്‌. കാരണം തൂതപ്പുഴ പരിസരത്തു തന്നെയാണ്‌. ഇനി വല്ലവരും..!!

വണ്ടി കോളേജ്‌ കോമ്പൗണ്ടിനകത്തേക്കു തന്നേ കയറ്റി. കോളേജിലെ നിത്യ സാന്നിധ്യമായ കുഞ്ഞാക്ക അൽപം ദൂരേന്നു തന്നേ കണ്ട്‌ ഓടി വരുന്നു.

"പടച്ചോനേ.. വാഫി കോളേജിലേക്ക്‌ ആംബുലൻസ്‌."

ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളൊക്കെ ഒരു നിമിഷം നിശ്ചലരായി.

കുഞ്ഞാക്ക വണ്ടിയുടെ ചാരത്തേക്ക്‌ ഓടിയെത്തി.

'ന്ത്യേ മാനേ പറ്റീത്‌..'

"ഒന്നൂല്യ കുഞ്ഞാക്ക, ഇന്ന് ബസ്‌ സമരമല്ലേ അപ്പോ ഇതുവഴി വന്ന ആംബുലൻസിൽ കയറി പോന്നതാ."

"ഹൗ ന്റെ മോനേ... ഇജ്ജേതായാലും കടപ്പുറത്തൂന്ന് വരുന്നതല്ലേ, അനക്ക്‌ ഇതിന്റെ ബേക്കിലൊരു ബക്കറ്റ്‌ ഫ്രഷ്‌ മത്തി വെച്ചൂടേന്യോ": മോണ കാട്ടിയുള്ള ചിരിയുടെ അകമ്പടിയോടെ കുഞ്ഞാക്ക തന്റെ നിഷ്കളങ്കത മുഖത്ത്‌ വരച്ചിട്ടു.

ഞാൻ ബാഗും തൂക്കി റൂമിലേക്ക്‌ പോയി വണ്ടി വീട്ടുകാരേയും കൂട്ടി നാട്ടിലേക്കും.

രംഗം:2 ; അടുത്ത അസംബ്ലി.

കഴിഞ്ഞ ലീവിനു നേരം വൈകി വന്നവരെ ഉസ്താദ്‌ പ്രസംഗത്തിലുടനീളം നന്നായി ഒലുമ്പുന്നുണ്ട്‌. അടുത്തുള്ള പലരും ബസ്‌ സമരത്തിന്റെ കാരണം പറഞ്ഞ്‌ നേരം വൈകിയിരിക്കുന്നു.

"ഇവിടെ ദൂരത്തു നിന്നുള്ള പലരും സമയത്ത്‌ എത്തിയിട്ടുണ്ടല്ലോ, നിഷാൻ ആംബുലൻസ്‌ വരേ എടുത്താണ്‌ വന്നിട്ടുള്ളത്‌, എന്നിട്ടെന്താ സമീപ പ്രദേശത്തുകാർക്ക്‌ സമയത്തിനു വരാൻ ഇത്ര വൈക്ലബ്യം"

അസംബ്ലി കത്തിക്കയറുന്നു, എന്റെ പേരുകേട്ട്‌  രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്നു. വൈകി വന്നവർക്കിടയിലൂടെ ഒരു സെലിബ്രിറ്റിയെ പോലെ നടന്ന് ഞാൻ ക്ലാസിലേക്കു പോയി. 😏

ഉസ്താദിനു ശകാരിക്കാനായി നേരത്തേ വന്ന് പ്ലസ്‌ പോയിന്റ്‌ നൽകിയതിനു ചീത്ത കേട്ടത്‌ ബാക്കി പത്രം. 😜

8 വർഷമെന്നു നിശ്ചയിച്ച ഇവിടുത്തെ ജീവിതത്തിനു തിരശ്ശീല വീഴാൻ ഇനി 8 മാസം കൂടിയേയുള്ളൂ. ഓർമ്മിക്കാനായുള്ളത്‌ ഇതുപോലെയുള്ള നർമ്മ മുഹൂർത്തങ്ങൾ മാത്രം..!!
-നിഷാൻ പരപ്പനങ്ങാടി
**********************